ആകാശത്ത് വച്ച് തന്നെ ഡ്രോണുകള്‍ തകര്‍ക്കും, ലേസര്‍  സാങ്കേതികവിദ്യ; സേനയ്ക്ക് കരുത്തായി ഡിആര്‍ഡിഒയുടെ പ്രതിരോധ സാങ്കേതികവിദ്യ, അറിയേണ്ടതെല്ലാം

ലേസറിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ആകാശത്ത് വച്ച് തന്നെ ഇവയെ നശിപ്പിക്കാന്‍ കഴിയുന്നതാണ് ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യം ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണ ഭീഷണിയില്‍ നില്‍ക്കവേ, ഡ്രോണുകളെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്ന പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ സാങ്കേതികവിദ്യ ഇന്ത്യന്‍ സേനയ്ക്ക് കരുത്താകുന്നു. ശത്രുരാജ്യത്തിന്റെ ഡ്രോണുകളെ കണ്ടെത്തുക മാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും നശിപ്പിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.  ലേസറിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ആകാശത്ത് വച്ച് തന്നെ ഇവയെ നശിപ്പിക്കാന്‍ കഴിയുന്നതാണ് ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യത കൂടുതലാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഡിഒ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2020ല്‍ വിവിഐപികളുടെ സുരക്ഷയ്ക്കും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയിലും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിലും ഡ്രോണ്‍ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നു. മൂന്ന് കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഡ്രോണുകളെ കണ്ടെത്താന്‍ കഴിയുന്നതാണ് ഡിആര്‍ഡിഒയുടെ സാങ്കേതികവിദ്യ.

രണ്ടരകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം ലേസര്‍ സിഗ്നല്‍ ഉപയോഗിച്ച് തകര്‍ക്കാനുമുള്ള പ്രഹരശേഷിയും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് ഡിആര്‍ഡിഒ സാങ്കേതിവിദ്യ കൈമാറിയിട്ടുണ്ട്. ഡ്രോണ്‍ വേധ സംവിധാനം നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക്് സാങ്കേതികവിദ്യ കൈമാറാനും ഡിആര്‍ഡിഒ ഒരുക്കമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജമ്മുവില്‍ ഒന്നിലധികം ഡ്രോണുകള്‍ പറക്കുന്നത് കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മു വ്യോമസേന താവളത്തില്‍ ഡ്രോണ്‍ വര്‍ഷിച്ച സ്‌ഫോടകവസ്തുക്കള്‍ രണ്ടു തവണയായി പൊട്ടിത്തെറിക്കുന്ന സംഭവം ഉണ്ടായി. ലഷ്‌കര്‍ എ തയ്ബയാണ് ഇതിന് പിന്നിലെന്നാണ് സുരക്ഷാസേനയുടെ കണക്കുകൂട്ടല്‍. കേസ് എന്‍ഐഐ അന്വേഷിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com