ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു. മേദാന്ത ആശുപത്രയിൽ നിന്നാണ് ഷാ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ56കാരനായ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് മേദാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കായി ഡൽയിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് മുതൽ സർക്കാർ ആശുപത്രികൾ മുഖേന സൗജന്യ വാക്സിൻ വിതരണം ആരംഭിച്ചു.60 വയസിന് മുകളിൽ പ്രായമായവർക്ക് പുറമേ മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും പ്രഥമ പരിഗണന. ഈ ഘട്ടത്തിൽ 27 കോടിയാളുകളിലേക്ക് വാക്സിൻ എത്തിക്കാനാകുമെന്നാണ് സർക്കാർ കണക്ക്കൂട്ടുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ് പോരാളികൾക്കാണ് വാക്സിൻ നൽകിയിരുന്നത്. നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടിയാളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ