ഡീസല്‍ അടിക്കാന്‍ പണമില്ല, 500 രൂപയ്ക്ക് ടിവി വില്‍പ്പനയ്ക്ക് വച്ചു; ജനം തടിച്ചുകൂടി, മോഷ്ടാക്കള്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ മോഷ്ടിച്ച ടെലിവിഷന്‍ സെറ്റുകള്‍ ജനമധ്യത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പ്രതികള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മോഷ്ടിച്ച ടെലിവിഷന്‍ സെറ്റുകള്‍ ജനമധ്യത്തില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പ്രതികള്‍ പിടിയില്‍. മോഷ്ടിച്ച മുതലുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ, ഓട്ടോറിക്ഷയില്‍ ഡീസല്‍ അടിക്കാന്‍  പണമില്ലാതായതോടെയാണ് ജനമധ്യത്തില്‍ ടെലിവിഷന്‍ സെറ്റുകള്‍ വില്‍ക്കാന്‍ മോഷ്ടാക്കള്‍ തീരുമാനിച്ചത്. കേവലം 500 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ, രഹസ്യവിവരം ലഭിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൃഷ്ണ ജില്ലയില്‍ ഗൗരാവരം ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പ്രദേശവാസികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കേവലം 500 രൂപയ്ക്ക് വില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

ഇലക്ട്രോണിക് ഷോറൂമില്‍ നിന്നാണ് ഇവര്‍ ടെലിവിഷന്‍ സെറ്റുകള്‍ മോഷ്ടിച്ചത്. ഡീലറിന് വിതരണം ചെയ്യാന്‍ വാഹനത്തില്‍ ലോഡ് ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാകാം മോഷ്ടാക്കള്‍ എന്ന് പൊലീസ് കരുതുന്നു.പകരം ഇവര്‍ ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് ഹൈദരാബാദ് കൊണ്ടുപോയി വില്‍ക്കാനാകാം ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

മോഷ്ടിച്ച വസ്തുക്കളുമായി ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ ഡീസല്‍ തീര്‍ന്നു. കൈയില്‍ പൈസയില്ലാതിരുന്ന മോഷ്ടാക്കള്‍ 500 രൂപയ്ക്ക് ടെലിവിഷന്‍ സെറ്റ് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് ടെലിവിഷന്‍ എന്ന് കേട്ട് നാട്ടുകാര്‍ തടിച്ചുകൂടി. ഇവിടെവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com