ശരീരത്തില്‍ നഖത്തിന്റെ പാടുകളും മുറിവുകളും ; പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഞായറാഴ്ചയാണ് 16 കാരിയായ ദലിത് പെണ്‍കുട്ടിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ : അലിഗഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ നഖത്തിന്റെ പാടുകളും മുറിവുകളും കണ്ടെത്തി. ശരീരത്തില്‍ തൊലി പലയിടത്തും ഇളകിയിരുന്നു. ആന്തരിക മുറിവുകള്‍ ഇല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

അലിഗഡിലെ അക്രാബാദില്‍ ഞായറാഴ്ചയാണ് 16 കാരിയായ ദലിത് പെണ്‍കുട്ടിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായോ എന്നതിനെക്കുറിച്ച് പറയുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് മുനിരാഗ് ജി. പറഞ്ഞു. ബലാല്‍സംഗം നടന്നതിന്റെ ലവ്യക്തമായ തെളിവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ബലാല്‍സംഗം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ ശരീരസ്രവം അടക്കം വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. കൊലപാതകം, പോക്‌സോ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തിങ്കളാഴ്ച കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. നാട്ടുകാര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തിരുന്നു. ഉന്നാവോയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിന് ആഴ്ചകള്‍ക്കുള്ളിലാണ് അലിഗഡിലെ സംഭവം. ഉന്നാവോയില്‍ വിഷം അകത്തു ചെന്ന രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com