മുഖ്യമന്ത്രിയുടെ മുന്നില്‍ വസ്ത്രം അഴിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതിഷേധം ; അമ്പരന്ന് സഭ ; സസ്‌പെന്‍ഷന്‍

പൊലീസ് തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ പ്രതിഷേധം
കോണ്‍ഗ്രസ് എംഎല്‍എ സഭയില്‍ പ്രതിഷേധിക്കുന്നു / എഎന്‍ഐ ചിത്രം
കോണ്‍ഗ്രസ് എംഎല്‍എ സഭയില്‍ പ്രതിഷേധിക്കുന്നു / എഎന്‍ഐ ചിത്രം

ബംഗലൂരു : നിയമസഭയില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വസ്ത്രം അഴിച്ച് എംഎല്‍എയുടെ പ്രതിഷേധം. കോണ്‍ഗ്രസ് എംഎല്‍എ ബി കെ സംഗമേശ്വരയാണ് നിയമസഭയില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് മുന്നില്‍ വെച്ചായിരുന്നു ഷര്‍ട്ട് അഴിച്ച് പ്രതിഷേധിച്ചത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു എംഎല്‍എയുടെ പ്രതിഷേധം. ഭദ്രാവതിയില്‍ കബഡി മല്‍സരത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍, കൊലപാതകശ്രമത്തിനാണ് എംഎല്‍എയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഇത് മുഖ്യമന്ത്രി യെദിയൂരപ്പയുടെയും മകനും ശിവമോഗ എംപിയുമായ ബി വൈ രാഘവേന്ദ്രയുടെയും നിര്‍ദേശപ്രകാരമാണെന്നുമാണ് സംഗമേശ്വര ആരോപിക്കുന്നത്. നിയമസഭയില്‍ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഷര്‍ട്ടൂരി പ്രതിഷേധിച്ചത്. 

മുതിര്‍ന്ന അംഗമായ താങ്കള്‍ ഇത്തരത്തില്‍ അപമര്യാദയോടെ പെരുമാറുന്നത്, മണ്ഡലത്തിലെ വോട്ടര്‍മാരെ കൂടി അപമാനിക്കുന്നതിന് തുല്യമാണെന്ന് സ്പീക്കര്‍ വി എച്ച് ഖഗേരി പറഞ്ഞു. എംഎല്‍എയെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയോട് സ്പീക്കര്‍ നിര്‍ദേശിച്ചു. എംഎല്‍എയപം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി കെ ശിവകുമാര്‍ എത്തിയാണ് സംഗമേശ്വരയെ പിന്തിരിപ്പിച്ചത്. 

സഭയില്‍ അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ് എംഎല്‍എ സംഗമേശ്വരയെ സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സഭയില്‍ നിന്നും പുറത്താക്കി. ഭദ്രാവതിയിലെ എംഎല്‍എയാണ് സംഗമേശ്വര. എംഎല്‍എയായ തനിക്കു പോലും നീതി ലഭിക്കുന്നില്ല. സ്പീക്കര്‍ ബിജെപിയുടെ കളിപ്പാവയാണെന്നും സംഗമേശ്വര ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com