മുരള്‍ച്ച കേട്ട് ഓടിയെത്തി, വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയുടെ പരാക്രമം, തൊട്ടരികില്‍ അമ്മ സിംഹം; ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തല്‍, അഭിനന്ദനം (വീഡിയോ)

ഗുജറാത്തില്‍ ജീവന്‍ പണയംവെച്ച് വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം
സിംഹക്കുട്ടി വലയില്‍ കുടുങ്ങിയ നിലയില്‍
സിംഹക്കുട്ടി വലയില്‍ കുടുങ്ങിയ നിലയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ജീവന്‍ പണയംവെച്ച് വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിയെ രക്ഷിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹം. സിംഹക്കുട്ടിയുടെ പരാക്രമവും അധികം അകലെയല്ലാതെ എല്ലാം വീക്ഷിച്ച് നില്‍ക്കുന്ന അമ്മ സിംഹവും ഇവരെ പിന്തിരിപ്പിച്ചില്ല. സിംഹക്കുട്ടിയെ രക്ഷിക്കാന്‍ തന്നെ ഇവര്‍ ഉറച്ചു. അവസാനം പരിശ്രമം വിജയം കണ്ടു. വലയില്‍ നിന്ന് രക്ഷപ്പെട്ട സിംഹക്കുട്ടി ഉപകാരസ്മരണ എന്ന പോലെ ജീവനക്കാരെ ഉപദ്രവിക്കാതെ കാട്ടിലേക്ക് മറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡ്യയാണ് ജീവന്‍ പണയം വെച്ച് സിംഹക്കുട്ടിയെ രക്ഷിക്കാന്‍ തയ്യാറായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പുറംലോകത്തെ അറിയിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് സംഭവം.

സിംഹത്തിന്റെ മുരള്‍ച്ച കേട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. നോക്കുമ്പോള്‍ സിംഹക്കുട്ടി വലയില്‍ കുടുങ്ങി പരാക്രമം കാണിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് സിംഹക്കുട്ടിയെ രക്ഷിക്കാന്‍ തന്നെ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വല കഴുത്തില്‍ കുടുങ്ങാതെ സിംഹക്കുട്ടിയെ രക്ഷിക്കണം. രക്ഷിക്കുന്നതിനിടയില്‍  സിംഹക്കുട്ടി ആക്രമിച്ചു എന്നും വരാം. അധികം അകലെയല്ലാതെ അമ്മ സിംഹം നില്‍ക്കുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. എങ്കിലും ജീവന്‍ പണയം വെച്ചും സിംഹക്കുട്ടിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു.

വടികളും സ്വന്തം കൈകളും ഉപയോഗിച്ചാണ് സിംഹക്കുട്ടിയെ രക്ഷിച്ചത്. വലയില്‍ നിന്ന് രക്ഷപ്പെട്ട സിംഹക്കുട്ടി കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com