സവര്‍ക്കറെ ചൊല്ലി തര്‍ക്കം, മഹാരാഷ്ട്രയില്‍ ഭാരതരത്‌ന വിവാദം; ശിവസേനക്കെതിരെ കോണ്‍ഗ്രസ്

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാത്ത ബിജെപി, തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശിവസേന
ഉദ്ധവ് താക്കറെ, നാനാ പട്ടോളെ / ഫയല്‍
ഉദ്ധവ് താക്കറെ, നാനാ പട്ടോളെ / ഫയല്‍

മുംബൈ : മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയെ തള്ളി കോണ്‍ഗ്രസ് രംഗത്ത്. വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കണമെന്ന ശിവസേനയുടെ ആവശ്യത്തിനെതിരെയാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 

സവര്‍ക്കറിനല്ല, സാവിത്രിഭായി ഫൂലെ, സാഹുജി മഹാരാജ് എന്നിവരാണ് ഭാരതരത്‌ന ബഹുമതിക്ക് അര്‍ഹരെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ പറഞ്ഞു. ശിവസേനയുടെ നിലപാടല്ല, തങ്ങളുടെ നിലപാടെന്നും പട്ടോളെ വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന സവര്‍ക്കര്‍ക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടു തവണ സര്‍ക്കാരിന് കത്തു നല്‍കി. ആരാണ് ഭരതരത്‌ന ബഹുമതി നല്‍കേണ്ടത്. അത് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമല്ലേ എന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. 

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാത്ത ബിജെപി, തങ്ങളെ ഹിന്ദുത്വം പഠിപ്പിക്കാന്‍ വരേണ്ടെന്നും ശിവസേന തലവന്‍ അഭിപ്രായപ്പെട്ടു. ഇതിന് പ്രതികരണമായാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ശിവസേനയുടെ അഭിപ്രായമല്ല തങ്ങള്‍ക്കുള്ളത്. ഭാരതരത്‌ന നല്‍കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും, സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കൊന്നുമില്ലെന്നും നാനാ പട്ടോളെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com