വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട, നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദേശിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

ന്യൂഡൽഹി;  കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദേശിച്ചത്. 

പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി. തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയ വിശദീകരണം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശം ആയ പുതുച്ചേരിയിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന്‌ കമ്മീഷന്‍ നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com