തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കും; ഡിഎംകെയുമായി ധാരണ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച ധാരണയായി
ചിത്രം: തമിഴ്‌നാട് കോണ്‍ഗ്രസ്, ട്വിറ്റര്‍
ചിത്രം: തമിഴ്‌നാട് കോണ്‍ഗ്രസ്, ട്വിറ്റര്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച ധാരണയായി. കോണ്‍ഗ്രസിന് ഡിഎംകെ 25 സീറ്റ് വിട്ടുനല്‍കും. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ടെലഫോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ധാരണയിലെത്തിയത്. കന്യാകുമാരി ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കും. 

ഇത്തവണ യുപിഎ സഖ്യം അധികാരം നേടുമെന്നും ബിജെപിക്ക് കനത്ത മറുപടി നല്‍കുമെന്നും  കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. എങ്ങനെയാണ് മോദി രാജിന് തടയിടുന്നതെന്ന് തമിഴ്‌നാട് കാണിച്ചു തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടില്ലെന്ന് തമിഴ്‌നാട് ഘടകം പ്രസിഡന്റ് കെ എസ് അഴഗിരി പറഞ്ഞു.നിലവില്‍ ലഭിച്ച 25 സീറ്റുകളില്‍ തൃപ്തരാണെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസിന് ഇത്തവണ 22 സീറ്റുകളില്‍ കൂടുതല്‍ നല്‍കില്ലെന്ന് നേരത്തെ സ്റ്റാലിന്‍ നിലപാടെടുത്തിരുന്നു. 30 സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. 2016ലെ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് എട്ടു സീറ്റുകളില്‍ മാത്രമാണ്. 

സിപിഐയ്ക്ക് ആറു സീറ്റുകളാണ് ഡിഎംകെ അനുവദിച്ചിരിക്കുന്നത്. സിപിഎമ്മുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. സിപിഐയ്ക്ക് നല്‍കിയതില്‍ക്കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് സിപിഎം ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com