മമത ബാനര്‍ജി ആശുപത്രിയില്‍;  ഗവര്‍ണര്‍ സന്ദര്‍ശിച്ചു; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നന്ദിഗ്രാമില്‍ വച്ച് അക്രമത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മമത ബാനര്‍ജിയെ കൊല്‍ക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. / ചിത്രം എഎന്‍ഐ
മമത ബാനര്‍ജിയെ കൊല്‍ക്കത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. / ചിത്രം എഎന്‍ഐ

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വച്ച് അക്രമത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കാലിന് പരിക്കേറ്റ മമതയുടെ എക്‌സ്‌റേ എടുത്ത ശേഷം തുടര്‍ ചികിത്സ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ ഗവര്‍ണര്‍ ആശുപത്രിയിലെത്തി മമതയുടെ വിവരങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ആക്രമണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. 

നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ് മമത ബാനര്‍ജി ആക്രമിക്കപ്പട്ടത്. തന്നെ നാല്അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലില്‍ മുറിവ് പറ്റിയതായാണ് റിപ്പോര്‍ട്ട്.

റെയാപരയില്‍ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭം നടന്നത്. താന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാല്അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തള്ളിയതായും കാറിന്റെ വാതില്‍ വലിച്ചടച്ചതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാറിന്റെ വാതില്‍ തട്ടി കാലിന് പരിക്കേറ്റതായും അവര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ സമീപത്ത് പോലീസുകാര്‍ ഇല്ലായിരുന്നെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന ബിജെപിയുടെ ആരോപണങ്ങളെ തുടര്‍ന്ന് ബംഗാള്‍ പൊലീസ് മേധാവിയെ തിരഞ്ഞടുപ്പ് കമ്മീഷന്‍ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കുനേരെ ആക്രമണം ഉണ്ടായതായുള്ള മമതയുടെ ആരോപണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആക്രമിക്കപ്പെട്ടതായുള്ള മമതയുടെ ആരോപണം നാടകമാണെന്ന് ബിജെപി ആരോപിച്ചു. മമതയെ ആക്രമിച്ചത് താലിബാന്‍ ആണോ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ് പരിഹസിച്ചു. മമതയ്ക്ക് അകമ്പടിയായി വലിയ പോലീസ് സന്നാഹമുണ്ട്. ആര്‍ക്കാണ് അവരുടെഅടുത്ത് എത്തിച്ചേരാന്‍ കഴിയുക. സഹാനുഭൂതിക്കുവേണ്ടിയുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com