'ആറിലേറെ പുതിയ കോവിഡ് വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കും'- കേന്ദ്ര ആരോ​ഗ്യ മന്ത്രി 

'ആറിലേറെ പുതിയ കോവിഡ് വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കും'- കേന്ദ്ര ആരോ​ഗ്യ മന്ത്രി 
ഭോപ്പാൽ എൻഐആർഇഎച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ ഉദ്ഘാടനം ചെയ്യുന്നു/ ട്വിറ്റർ
ഭോപ്പാൽ എൻഐആർഇഎച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ ഉദ്ഘാടനം ചെയ്യുന്നു/ ട്വിറ്റർ

ഭോപ്പാൽ: ആറിലേറെ പുതിയ കോവിഡ് വാക്‌സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോക രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ പറഞ്ഞു. ഭോപ്പാലിലെ എൻഐആർഇഎച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇന്ത്യ ഉത്പാദിപ്പിച്ച രണ്ട് വാക്‌സിനുകൾ 71 രാജ്യങ്ങൾക്ക് നൽകി. നിരവധി രാജ്യങ്ങൾ ഇന്ത്യയോട് വാക്‌സിൻ ആവശ്യപ്പെടുന്നുണ്ട്. ഇവയൊന്നും ചെറിയ രാജ്യങ്ങളല്ല. കാനഡ, ബ്രസീൽ മറ്റ് നിരവധി വികസിത രാജ്യങ്ങൾ ഇന്ത്യയുടെ വാക്‌സിൻ ഉത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്. അര ഡസനിലേറെ പുതിയ വാക്‌സിനുകൾ ഇന്ത്യയിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനം കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വർഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വർഷമായി ഓർമിക്കപ്പെടും. ശാസ്ത്രത്തെ നമ്മൾ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും ഹർഷവർധൻ വ്യക്തമാക്കി. 

ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് ലോക നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. കോവിഡിന്റെ തുടക്ക കാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി വാക്‌സിൻ ഡോസുകൾ ആളുകൾക്ക് നൽകി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേർ വാക്‌സിനെടുത്തു. ചില ആളുകൾ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സത്യത്തെ തോൽപ്പിക്കാനാകില്ല.

ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളിൽ ഇപ്പോൾ വർധനവുണ്ടായത്. വൈറസിനെതിരേയുള്ള വാക്‌സിൻ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകൾ കരുതി. വൈറസിൽ നിന്ന് രക്ഷ നേടാൻ എല്ലാവരും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ഹർഷവർധൻ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com