ഓര്‍ഡര്‍ ചെയ്തത് വെജിറ്റേറിയന്‍ പിസ ; എത്തിയതു കണ്ട് കുടുംബം ഞെട്ടി, മതവികാരം വ്രണപ്പെട്ടു, ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

പിസ കഴിച്ചപ്പോഴാണ് അത്, വെജിറ്റേറിയന്‍ അല്ലെന്നും നോണ്‍ ആണെന്നും മനസ്സിലായത് എന്ന് ദീപാലി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ : ഓര്‍ഡര്‍ ചെയ്തതിന് പകരം നോണ്‍വെജി പിസ കൊണ്ടുവന്നതിന് പിസ റസ്റ്റോറന്റിനെതിരെ പരാതിയുമായി യുവതി. തനിക്കുണ്ടായ മാനസിക പ്രയാസത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുപി ഗാസിയാബാദ് സ്വദേശിയായ യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

ഗാസിയാബാദ് സ്വദേശിനിയായ ദീപാലി ത്യാഗി 2019 മാര്‍ച്ച് 21 നാണ് വീടിനടുത്തുള്ള റസ്റ്റോറന്റില്‍ വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്തത്. ഹോളി ആഘോഷ ദിവസമായിരുന്നു സംഭവം. ആഘോഷങ്ങളെ തുടര്‍ന്ന് വിശന്നിരിക്കുകയായിരുന്ന വീട്ടുകാര്‍ക്ക് മുന്നില്‍, ഓര്‍ഡര്‍ ചെയ്തിരുന്നതിനും അരമണിക്കൂര്‍ വൈകിയാണ് പിസ എത്തിയത്. 

എന്നാല്‍ അക്കാര്യം വീട്ടുകാര്‍ ക്ഷമിച്ചു. പിസ കഴിച്ചപ്പോഴാണ് അത്, വെജിറ്റേറിയന്‍ അല്ലെന്നും നോണ്‍ ആണെന്നും മനസ്സിലായത് എന്ന് ദീപാലി പരാതിയില്‍ പറയുന്നു. മഷ്‌റൂം പിസയാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇറച്ചി കലര്‍ന്ന പിസയാണ് എത്തിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്ന തന്റെ കുടുംബത്തിന് ഇത് മാനസികപ്രയാസം ഉണ്ടാക്കിയെന്നും, തങ്ങളുടെ മതവികാരം വ്രണപ്പെടാന്‍ ഇടയായെന്നും ദീപാലി പരാതിയില്‍ പറയുന്നു. 

ഇക്കാര്യം പരാതിപ്പെട്ടതോടെ, റസ്‌റ്റോറന്റ് മാനേജര്‍ നാലുദിവസത്തിന് ശേഷം വിളിച്ച് കുടുംബത്തിന് സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ തങ്ങള്‍ക്കുണ്ടായ മാനസിക പ്രയാസം വളരെ വലുതാണെന്നും, വിഷയം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രശ്‌നം നിസ്സാരവല്‍ക്കരിക്കുകയാണ് റസ്റ്റോറന്റ് ചെയ്തതെന്നും ദീപാലി പറയുന്നു. ഇതേത്തുടര്‍ന്നാണ് പിസ കടയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com