റൂള്‍കര്‍വ് വിവരങ്ങള്‍ അടക്കം രണ്ടാഴ്ചയ്ക്കകം മേല്‍നോട്ട സമിതിക്ക് കൈമാറണം ; മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് സുപ്രീംകോടതി മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. അണക്കെട്ടിലെ ജലസംഭരണം സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മേല്‍നോട്ട സമിതിക്ക് നല്‍കാന്‍ തമിഴ്‌നാടിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്‌നങ്ങളില്‍ അനുയോജ്യമായ നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണം. റൂള്‍ കര്‍വ് വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മേല്‍നോട്ടസമിതിക്ക് കൈമാറണം. റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ കാര്യങ്ങളില്‍ നാലാഴ്ചക്കകം മേല്‍നോട്ട സമിതി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും മേല്‍നോട്ട സമിതിയോട് കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങള്‍ ഉപസമിതിക്ക് കൈമാറി എന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല നിര്‍ദേശം നല്‍കിയത്. 

എന്നാല്‍ മേല്‍നോട്ട സമിതി അധികാരങ്ങള്‍ ഉപസമിതിക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ വ്യക്തമാക്കി. പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഏപ്രില്‍ 22 ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com