'കീറിയ ജീന്‍സ്' ഇട്ട പെണ്ണുങ്ങളെ കണ്ട് ഞെട്ടി ; എന്തു സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത് ? ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

വീട്ടില്‍ ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര മോഡേണ്‍ ആയാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്ന് മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പരാമര്‍ശം വിവാദത്തില്‍. യുവതലമുറയ്ക്കിടയില്‍ തരംഗമായ കീറിയ മാതൃകയിലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഡെറാഡൂണില്‍ നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

കീറിയ ജീന്‍സിട്ട ഒരു സ്ത്രീ സന്നദ്ധ സംഘടനാപ്രവര്‍ത്തനം നടത്തുന്നത് കണ്ട് ഞെട്ടി. ഇവര്‍ ഇത്തരം വേഷവിധാനത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് തീരഥ് സിങ് അഭിപ്രായപ്പെട്ടു. 

ഇത്തരം വസ്ത്രം ധരിച്ച സ്ത്രീ സമൂഹത്തില്‍ ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍, സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ് ?. കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ് ?. ഇതെല്ലാം ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. നാം എന്തു ചെയ്യുന്നോ അതെല്ലാം കുട്ടികള്‍ പിന്തുടരും. വീട്ടില്‍ ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര മോഡേണ്‍ ആയാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കുട്ടികള്‍ കാല്‍മുട്ട് നഗ്നമായി പ്രദര്‍ശിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി അസന്തുഷ്ട്രി പ്രകടിപ്പിച്ചു. പാശ്ചാത്യര്‍ നമ്മുടെ യോഗയെയും ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രധാരണവും പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍, നാം നഗ്നതയുടെ പിന്നാലെയാണെന്ന് തീരഥ് സിങ് റാവത്ത് കുറ്റപ്പെടുത്തി. കാല്‍മുട്ട് നഗ്നയാക്കി, കീറിയ ജീന്‍സും ധരിച്ച് സമ്പന്നരായവരെപ്പോലെ നടക്കുന്നത് - ഈ മൂല്യങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. വീട്ടില്‍ നിന്നല്ലെങ്കില്‍ പിന്നെ ഇത് എവിടെ നിന്നാണ് വരുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. 

പെണ്‍കുട്ടികളും കാല്‍മുട്ട് പ്രദര്‍ശിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ഇത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് മന്ത്രി ഗണേഷ് ജോഷി രംഗത്തെത്തി. സ്ത്രീകള്‍ പ്രധാന പരിഗണന നല്‍കേണ്ടത് നല്ല കുട്ടികളെ വാര്‍ത്തെടുക്കാനാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും പറയുന്നു. എന്നാല്‍ സ്ത്രീകള്‍ കുടുംബത്തിനും കുട്ടികള്‍ക്കുമാണ് മുഖ്യ പ്രാധാ്യം നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കീറിയ ജീന്‍സ് സംസ്‌കാരം നശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് അവഹേളനമാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി പിന്തുണയ്ക്കുന്നുണ്ടോ എന്നും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com