മൂന്നുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധ ; ഇന്നലെ 28,903 പേര്‍ക്ക് കോവിഡ് ; ആശങ്കയേറുന്നു ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം  1,14,38,734 ആയി ഉയര്‍ന്നു. 

മഹാരാഷ്ട്രയില്‍ മാത്രം 17864 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 30 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. 2,34,406 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇന്നലെ 17,741 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം  1,10,45,284 ആയി. ഇന്നലെ ഇന്ത്യയില്‍ 188 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 87 പേര്‍ മഹാരാഷ്ട്രയിലാണ്. പഞ്ചാബില്‍ 38 പേരും കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം  1,59,044 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ മൂന്നര കോടിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 3,50,64,536 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രമുഖ നഗരങ്ങളായ ഭോപ്പാല്‍, സൂറത്ത്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കോവിഡ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലെല്ലാം രാത്രി 10 മുതല്‍ രാവിലെ 6 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 

കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് അഹമ്മദാബാദില്‍ നടക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യ ട്വന്റി-20 യുടെ മൂന്ന് മല്‍സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകകുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com