ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് അതിരൂക്ഷമാകുന്നു, 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക് ; നോയിഡയില്‍ നിരോധനാജ്ഞ

നിലവില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ ചികില്‍സയിലുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,14,74,605 ആയി ഉയര്‍ന്നു. 

നിലവില്‍ രണ്ടര ലക്ഷത്തിലേറെ പേരാണ് ചികില്‍സയിലുള്ളത്. 2,52,364 പേര്‍ ചികില്‍സയിലുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 17,741 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,10,63,025 ആയി ഉയര്‍ന്നിട്ടുണ്ട്. 

ഇന്നലെ 172 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,59,216 ആയി. ആകെ 3,71,43,255 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് 23,179 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സെപ്റ്റംബര്‍ 17 ന് 24,619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയേക്കാള്‍ 30 ശതമാനം അധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നാഗ്പൂരില്‍ മാത്രം 2698 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. പഞ്ചാബ് - 2039 , കേരളം- 2098, ഗുജറാത്ത് - 1122, കര്‍ണാടക - 1275, തമിഴ്‌നാട് 945, ഛത്തീസ് ഗഡ് 887, മധ്യപ്രദേശ്- 832 എന്നിങ്ങനെയാണ്  സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിച്ചിട്ടുള്ളത്. കര്‍ണാടകയിലെ മണിപ്പാലില്‍ 59 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടെക്‌നോളജി ഉഡുപ്പി ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ ലോക്കല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജിമ്മുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബസുകള്‍ സര്‍വീസ് നടത്തുന്നതല്ലെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com