ഗായത്രി മന്ത്രം ജപിച്ചാല്‍ കോവിഡ് മാറുമോ?; പഠനവുമായി കേന്ദ്രസര്‍ക്കാരുംഎയിംസും

ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തില്‍ മറ്റുള്ളവരില്‍ നിന്ന് എന്തുപുരോഗതിയാണ് ഉണ്ടായതെന്ന് പരിശോധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗായത്രിമന്ത്രം ജപിച്ചാല്‍ കോവിഡ് ഭേദമാകുമോയെന്ന് പരിശോധിക്കാനൊരുങ്ങി ഋഷികേശിലെ എയിംസ് ആശുപത്രി. കൂടെ പ്രാണയാമത്തിന്റെ സാധ്യതകളും ഗവേഷണത്തിന്റെ ഭാഗമാക്കും. പഠനത്തിനായി 20 രോഗികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കും.

ഏ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് കോവിഡ് ചികിത്സയ്ക്ക് പുറമെ ഗായത്രി മന്ത്രം ജപിച്ചു നല്‍കുകയും ഒരു മണിക്കൂര്‍ നേരത്തെ പ്രാണയാമ സെഷന്‍ നടത്തുകയും ചെയ്യും. രണ്ടാമത്തെ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് സാധാരണ കോവിഡ് ചികിത്സ മാത്രമാണ് നല്‍കുക. രണ്ടാഴ്ച ഈ രോഗികളെ ആശുപത്രിയില്‍ നിരീക്ഷിക്കും. ചികിത്സയ്ക്ക് മുന്‍പ് ശരീരത്തിലെ സിറിയാക്ടീവ് പ്രോട്ടീന്‍ രേഖപ്പെടുത്തും. 

തുടര്‍ന്ന് രോഗികളെ വീണ്ടും പരിശോധന നടത്തും. ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തില്‍ മറ്റുള്ളവരില്‍ നിന്ന് എന്തുപുരോഗതിയാണ് ഉണ്ടായതെന്ന് പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയാണ് ഈ പരീക്ഷണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ഈ പഠനത്തെ പറ്റി കൂടുതല്‍ പ്രതിപാദിക്കാന്‍ ഋഷികേശ് പള്‍മൊനാറി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ രുചി ദുവ തയ്യാറായില്ല. രോഗികളെ രണ്ടായി തിരിച്ചതായും പരീക്ഷണം തുടങ്ങിയതുമായാണ് റിപ്പോര്‍ട്ടുകള്‍. പഠനം പൂര്‍ത്തിയായ ശേഷം അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ തീരുമാനം എടുക്കും. 

ക്ലിനിക്കല്‍ ട്രയല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളില്‍ ഗായത്രി മന്ത്രവും, പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി 5 നാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.

ഹോസ്പിറ്റലില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജായതിന് ശേഷവും മന്ത്രം ജപിക്കാനും യോഗ ചെയ്യാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഗൂഗിള്‍ മീറ്റ് വഴിയോ വീഡിയോ കോണ്ഫറന്‍സിംഗ് വഴിയോ നല്‍കും. ഇവ എങ്ങനെ നിര്‍വ്വഹിക്കാം എന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും രോഗികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് ആശുപത്രി തയ്യാറാക്കിയതിന്റെ ഉള്ളടക്കം ഇങ്ങനെയാണ് ' SARS-CoV2 എന്ന മാരക വൈറസ് കാരണമാക്കുന്ന ഈ രോഗം പ്രധനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. ഹിന്ദുക്കള്‍ക്കിടയില്‍ പതിവായി ചൊല്ലുന്നതാണ് ഗായത്രി മന്ത്രം. ഈ മാരക ഹാനിക്ക് നിലവില്‍ മറ്റു മരുന്നുകളെന്നും കണ്ടെത്തിയിട്ടുമില്ല. എത്രയും വേഗം വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com