അജ്ഞാത സന്ദേശം കിട്ടി; വരന്‍ എത്തും മുന്‍പെ വനിതാ കമ്മീഷന്‍ കല്യാണ പന്തലില്‍; 15 വയസുകാരിയുടെ വിവാഹം തടഞ്ഞു

അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്ഥലത്തെയിപ്പോഴാണ് ബാലവിവാഹം നടക്കുന്നതായി കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ 15 വയസുകാരിയുടെ വിവാഹം തടഞ്ഞ് വനിത കമ്മീഷന്‍.  ബാലവിവാഹത്തില്‍ നിന്നും  പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്ഥലത്തെയിപ്പോഴാണ് ബാലവിവാഹം നടക്കുന്നതായി കണ്ടെത്തിയത്. 

പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന്റെ സഹായം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല, തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സ്‌റ്റേഷനിലെത്തി പൊലീസുമായി വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കല്യാണ മണ്ഡപത്തിലേക്ക് വരനെത്തുന്നതിന് തൊട്ടു മുമ്പായാണ് വനിതാകമ്മീഷന്‍ സംഘം എത്തിയത്. പെണ്‍കുട്ടിയോട് സംഘം വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. തനിക്ക് 15 വയസ് ആണെന്ന്  പെണ്‍കുട്ടി പറഞ്ഞു. അമ്മയും പ്രായം സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവാഹം തടഞ്ഞ് വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹ ചടങ്ങിനെത്തിയവരെയും പൊലീസ് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com