'ഓ എന്റെ ദൈവമേ അവരുടെ കാൽമുട്ടുകൾ കാണുന്നു'- ആർഎസ്എസ് വേഷത്തിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പങ്കിട്ട് പ്രിയങ്കയുടെ പരിഹാസം

'ഓ എന്റെ ദൈവമേ അവരുടെ കാൽമുട്ടുകൾ കാണുന്നു'- ആർഎസ്എസ് വേഷത്തിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പങ്കിട്ട് പ്രിയങ്കയുടെ പരിഹാസം
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളിൽ പങ്കുചേർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കീറലുള്ള ജീൻസണിഞ്ഞ് കാൽമുട്ടുകൾ പ്രദർശിപ്പിക്കുന്ന സ്ത്രീകൾ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു എന്നായിരുന്നു തീരഥ് സിങ് റാവത്തിന്റെ പ്രസ്താവന. ഇതിനെതിരെയാണ് പ്രിയങ്കയും രം​ഗത്ത് വന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ മുൻകാല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് പ്രിയങ്ക ഗാന്ധി തീരഥ് സിങ് റാവത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധിച്ചത്. 

'ഓ എന്റെ ദൈവമേ അവരുടെ കാൽമുട്ടുകൾ കാണുന്നു', ആർഎസ്എസിന്റെ മുൻ യൂണിഫോമായ വെള്ള ഷർട്ടും കാക്കി ട്രൗസറുമണിഞ്ഞ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങൾ ഷെയർ ചെയ്ത് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ആർഎസ്എസ് മുഖ്യൻ മോഹൻ ഭഗ്‌വതിന്റെ ഫോട്ടോയും ട്വീറ്റിലുൾപ്പെടുത്തിയിട്ടുണ്ട്. 

വീട്ടിലുള്ള കുട്ടികൾക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീൻസിട്ട സ്ത്രീകൾക്ക് സാധിക്കില്ലെന്ന് താൻ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു. സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു സന്നദ്ധസംഘടനാ പ്രവർത്തക കീറലുള്ള ജീൻസണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച് തനിക്കാശങ്ക ഉണ്ടാക്കിയെന്നും റാവത്ത് പറഞ്ഞിരുന്നു.

വിദേശീയർ ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോൾ നമ്മൾ നഗ്നതാപ്രദർശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് പ്രസ്താവിച്ചിരുന്നു. റാവത്തിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com