മൻസുഖ് ഹിരേനിന്റെ മരണം; രണ്ട് പേർ അറസ്റ്റിൽ; സച്ചിൻ വാസെ മുഖ്യപ്രതി

മൻസുഖ് ഹിരേനിന്റെ മരണം; രണ്ട് പേർ അറസ്റ്റിൽ; സച്ചിൻ വാസെ മുഖ്യപ്രതി
സച്ചിൻ വാസെ/ ട്വിറ്റർ
സച്ചിൻ വാസെ/ ട്വിറ്റർ

മുംബൈ: മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെ (55) വാതുവെയ്പ്പുകാരനായ നരേഷ് ദരേ (31) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്.  മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്)യാണ് ഇവരെ പിടികൂടിയത്. കേസിൽ സച്ചിൻ വാസെയെയാണ് എടിഎസ് മുഖ്യപ്രതിയാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 

2006-ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയാണ് വിനായക് ഷിൻഡെ. 2013-ൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട വിനായക് നിലവിൽ പരോളിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസിലും അറസ്റ്റിലായത്. 

മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസമാണ് എൻഐഎയ്ക്ക് കൈമാറിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം എടിഎസ് കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം എൻഐഎയ്ക്കു കൈമാറിയിരുന്നു. 

കാറിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന ഹിരേനുമായി സച്ചിൻ വാസേക്ക് അടുപ്പമുണ്ടായിരുന്നെന്ന് ഭാര്യ എടിഎസിന് മൊഴി നൽകിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുമായി കണ്ട കാർ ഈ അടുപ്പം വെച്ച് കുറച്ചുകാലം വാസേ ഉപയോഗിച്ചിട്ടുമുണ്ട്. 

ഫെബ്രുവരി 17ന് സിഎസ്ടി റെയിൽ വേസ്റ്റേഷനും പൊലീസ് കമ്മീഷണർ ഓഫീസിനും ഇടയിൽ വാസേയുടെ ബെൻസ് കാറിൽ വെച്ച് ഇരുവരും പത്തു മിനിറ്റോളം നേരം സംസാരിച്ചതിന്റെ വീഡിയോ ദൃശ്യവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അന്ന് തന്റെ വാഹനം മോഷണം പോയെന്നാണ് അടുത്ത ദിവസം പൊലീസിനു നൽകിയ പരാതിയിൽ ഹിരേൻ പറയുന്നത്. 

ഫെബ്രുവരി 25ന് ഈ വാഹനമാണ് സ്‌ഫോടക വസ്തുക്കൾ സഹിതം മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ അറസ്റ്റ് ഭയന്ന ഹിരേൻ പൊലീസ് പീഡിപ്പിക്കുന്നെന്ന് പരാതിപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ കാണാനെന്നു പറഞ്ഞ് മാർച്ച് നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ ഹിരേനിന്റെ മൃതദേഹം അടുത്ത ദിവസം കടലിടുക്കിൽ കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com