'എന്റെ തല പന്ത് പോലെ തട്ടാം, കാലെടുത്ത് തലയില്‍ വെയ്ക്കാം; ദീദി, ഇനി ബം​ഗാളിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല'; ആഞ്ഞടിച്ച് മോദി 

പത്തുവര്‍ഷം മുന്‍പ് തനിനിറം പുറത്തുകാണിച്ചിരുന്നുവെങ്കില്‍ ബംഗാളിലെ ജനങ്ങള്‍ മമതയെ തെരഞ്ഞെടുക്കാന്‍ അനുവദിക്കുമായിരുന്നില്ല
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി
ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.'നിങ്ങള്‍ക്ക് വേണമെങ്കില്‍ കാല്‍ എന്റെ തലയില്‍ വെയ്ക്കുകയും പന്ത് തട്ടുന്ന പോലെ തട്ടുകയുമാകാം. എന്നാല്‍ ബംഗാളിലെ വികസനത്തെയും ജനങ്ങളുടെ സ്വപ്‌നങ്ങളെയും തട്ടിത്തെറിപ്പിക്കാന്‍ അനുവദിക്കില്ല'- പ്രധാനമന്ത്രി വിമര്‍ശിച്ചു. ബങ്കുരയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെയാണ് മമതയ്‌ക്കെതിരെ മോദി കത്തിക്കയറിയത്.

പത്തുവര്‍ഷം മുന്‍പ് തനിനിറം പുറത്തുകാണിച്ചിരുന്നുവെങ്കില്‍ ബംഗാളിലെ ജനങ്ങള്‍ മമതയെ തെരഞ്ഞെടുക്കാന്‍ അനുവദിക്കുമായിരുന്നില്ല. സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കാന്‍ മമത എന്തിനാണ് ശ്രമിക്കുന്നതെന്ന് മോദി ചോദിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നതിലൂടെ, വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മമത തന്നെ പ്രതീക്ഷിക്കുന്നതായും മോദി പരിഹസിച്ചു.

'തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ എനിക്കെതിരെ ചുവരെഴുത്തുകള്‍ വരയ്ക്കുകയാണ്.എന്റെ തല കാല്‍ കൊണ്ട് തട്ടി മമത ഫുട്‌ബോള്‍ കളിക്കുന്ന തരത്തിലാണ് ചുവരെഴുത്തുകള്‍. എന്തിനാണ് ദീദി, ബംഗാളിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കളിയാക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കാല്‍ എന്റെ തലയില്‍ വെയ്ക്കാം. തുടര്‍ന്ന് പന്ത് തട്ടുന്നത് പോലെ തട്ടാം. എന്നാല്‍ ബംഗാളിലെ വികസനത്തെയും ജനങ്ങളുടെ സ്വപ്‌നങ്ങളെയും തട്ടാന്‍ ഞാന്‍ അനുവദിക്കില്ല'- മോദിയുടെ വാക്കുകള്‍ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com