ഓരോ മാസവും പൊലീസിന് 'കൈപ്പടി' രണ്ട് ലക്ഷം; ഒത്താശയോടെ പെണ്‍വാണിഭം; കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 06:15 PM  |  

Last Updated: 21st March 2021 06:15 PM  |   A+A-   |  

Housewife and boyfriend arrested

പ്രതീകാത്മക ചിത്രം

 

ലക്‌നൗ:  പൊലീസ് സഹായത്തോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം അറസ്റ്റില്‍. കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളും 11 പുരുഷന്‍മാരുമാണ് പിടിയിലായത്.  ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു ഗ്രേറ്റര്‍ നോയിഡ എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ റെയ്ഡ്.

ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്ര, അങ്കിത് ഗുപ്ത, മനീഷ്, അനൂജ്, പ്രേംസിങ്, അഭിഷേക്, കരണ്‍, അമീര്‍, വിനയ്, രവീന്ദ്ര, വരുണ്‍ എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍. പിടിയിലായ 12 സ്ത്രീകളില്‍ മൂന്ന് പേര്‍ കോളജ് വിദ്യാര്‍ഥികളാണ്. ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്രയാണ് കേസില്‍ മുഖ്യപ്രതിയെന്നും വര്‍ഷങ്ങളായി ഹോട്ടല്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. അതിനിടെ, പെണ്‍വാണിഭ സംഘത്തില്‍നിന്ന് പൊലീസുകാര്‍ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും ഇവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും നോയിഡ അഡീഷണല്‍ ഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു. 

പ്രാദേശിക ടിവി ചാനലില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാര്‍ത്തയാണ് പെണ്‍വാണിഭസംഘത്തിന്റെ അറസ്റ്റിലേക്ക് വഴിയൊരുക്കിയത്. ഇടപാടുകാരെന്ന വ്യാജേന ഹോട്ടല്‍ മാനേജറെ സമീപിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ മാനേജറുടെ വെളിപ്പെടുത്തലുകള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഹോട്ടലില്‍ ഒരിക്കലും പോലീസ് വരില്ലെന്നും മാസംതോറും രണ്ട് ലക്ഷം രൂപ പൊലീസിന് നല്‍കുന്നുണ്ടെന്നുമാണ് മാനേജര്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെയാണ് ലോക്കല്‍ പൊലീസിനെ വിവരമറിയിക്കാതെ എസിപിയുടെ സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ഹോട്ടലില്‍നിന്ന് നിരവധി ഗര്‍ഭനിരോധന ഉറകളും പണവും പൊലീസ് സംഘം പിടിച്ചെടുത്തിരുന്നു.