പത്രിക തള്ളിയതില്‍ വിധി ഉടന്‍; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍

നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ദേവികുളത്തെയും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് കമ്മിഷന്‍ ഹൈക്കോടതിയില്‍
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന്, തെരഞ്ഞെടുപ്പു കമ്മിഷന്‍ ഹൈക്കോടതിയില്‍. നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ദേവികുളത്തെയും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് കമ്മിഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.  കേസില്‍ ഉടന്‍ വിധി പറയും.

തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ കോടതികള്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. എതിര്‍പ്പുള്ളവര്‍ക്ക്, തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

പല മണ്ഡലങ്ങളിലും പത്രികയിലെ പിഴവു തിരുത്താന്‍ വരണാധികാരികള്‍ അനുവദിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യാന്ത്രികമായാണ് വരണാധികാരി പ്രവര്‍ത്തിച്ചത്. പിഴവു തിരുത്താന്‍ അവസരം നല്‍കേണ്ടതാണെന്ന് അവര്‍ ആവശ്യപ്പെട്ടു. 

തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, ദേവികുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍എം ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്. തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാര്‍ഥിമാര്‍ക്ക് പിഴവ് തിരുത്താന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ സമയം അനുവദിച്ചിരുന്നു എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ നിറംനോക്കി റിട്ടേണിങ് ഓഫീസര്‍മാര്‍ തീരുമാനമെടുക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com