കോവിഡ് മരണം ദിവസം 1000വരെയാകാം; കേസുകള്‍ കുത്തനെ കൂടൂം; മഹാരാഷ്ട്രയില്‍ മുന്നറിയിപ്പ്

ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും. നാഗ്പുര്‍, താനെ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വേണ്ടത്ര തയാറെടുപ്പില്ലെങ്കില്‍ ചികിത്സാ സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമായേക്കുമെന്നും ആരോഗ്യവകുപ്പിന്റൈ റിപ്പോര്‍ട്ടുകള്‍

രാജ്യത്തു കോവിഡ് കൂടുതലുള്ള 10 ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്. ബുധനാഴ്ചയോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 2,47,299 ആയി. മരണം 53,684. പ്രതിദിന കേസുകളിലും റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത് 31,855 കേസുകള്‍. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 25,64,881. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വരുന്ന രണ്ടാഴ്ചക്കാലം പ്രതിദിന കോവിഡ് മരണങ്ങള്‍ 1000 വരെയാകാമെന്നാണു പറയുന്നത്. ഫെബ്രുവരി മുതല്‍ പ്രതിവാര മരണനിരക്ക് ഒരു ശതമാനത്തിലും താഴെയായിരുന്നു.

'രോഗീപരിചരണം മികച്ച രീതിയില്‍ ആയതിനാല്‍ മരണനിരക്ക് കുറവായിരുന്നു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം ക്രമാതീതമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ പര്യാപ്തമാണ്. ഓക്‌സിജന്‍ നല്‍കാന്‍ സൗകര്യമുള്ള നാലായിരത്തോളം കിടക്കകള്‍ ആവശ്യമുണ്ട്. നാഗ്പുരും താനെയും പോലുള്ള ജില്ലകള്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.' സംസ്ഥാനത്തെ കോവിഡ് മരണ ഓഡിറ്റ് കമ്മിറ്റി മേധാവി അവിനാശ് സുപെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com