പശ്ചിമബംഗാളും അസമും പോളിങ് ബൂത്തിലേക്ക് ; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക
പശ്ചിമബംഗാളും അസമും പോളിങ് ബൂത്തിലേക്ക് ; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും ആസാമിലും നാളെ വോട്ടെടുപ്പിന് തുടക്കമാകും. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അസാമില്‍ 47 മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും. 

ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. ഇവിടങ്ങളിലെ പരസ്യപ്രചാരണങ്ങള്‍ ഇന്നലെ അവസാനിച്ചിരുന്നു. 

പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. 

പ്രചാരണത്തിനിടെ പരിക്കേറ്റ കാലുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയത്. ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പുറമെ, ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യവും മല്‍സരരംഗത്തുണ്ട്. 

അസമില്‍ ബിജെപി, എജിപി, യുപിപിഎല്‍ സഖ്യം എന്നിവയാണ് മല്‍സരരംഗത്തുള്ളത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മജൂലിയില്‍ നിന്ന് ജനവിധി തേടുന്നു. 126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com