ഒരു കോടി രൂപ വിലയുള്ള പാമ്പിൻ വിഷം പിടിച്ചു; സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 10:12 AM |
Last Updated: 28th March 2021 10:12 AM | A+A A- |
ചിത്രം: എഎൻഐ
ഭുവനേശ്വർ: പാമ്പിൻ വിഷം കടത്തിയ ആറംഗ സംഘം അറസ്റ്റിൽ. ഒരു ലിറ്റർ പാമ്പിൻ വിഷമാണ് സംഘത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടിയത്. അന്തരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്നതാണ് ഇത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.
ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തെന്നും ഒരു സ്ത്രീ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ജില്ല ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. വിഷം വാങ്ങാൻ കരാറുറപ്പിച്ചിരുന്ന മൂന്ന് പേരടക്കമാണ് പിടിയിലായത്. 10ലക്ഷം രൂപക്ക് ഡീൽ ഉറപ്പിച്ചാണ് പാമ്പിൻ വിഷം എത്തിച്ചുനൽകിയത്. കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു വിഷം.
200ഓളം മൂർഖൻ പാമ്പുകളിൽനിന്നു മാത്രമേ ഒരു ലിറ്റർ പാമ്പിൻ വിഷം ലഭിക്കൂവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് പേർക്കെതിരെ കേസെടുത്തെന്നും ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു.