മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗണിലേക്കോ?;  പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി.
രാത്രി കര്‍ഫ്യൂ എര്‍പ്പെടുത്തിയ മഹാരാഷ്ട്ര ചിത്രം എഎന്‍ഐ
രാത്രി കര്‍ഫ്യൂ എര്‍പ്പെടുത്തിയ മഹാരാഷ്ട്ര ചിത്രം എഎന്‍ഐ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്കും ജനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനം തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിലേക്ക് തന്നെ നീങ്ങേണ്ടിവരുമെന്ന് യോഗത്തില്‍ ആരോഗ്യമന്ത്രി രാജേഷ് ടോപ്പേ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷന്‍ കിടക്കകളുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. ഇതില്‍ 1.07 ലക്ഷം കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. 60,349 ഓക്‌സിജന്‍ കിടക്കകളില്‍ 12,701 എണ്ണത്തിലും നിലവില്‍ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകള്‍ നിലവില്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തില്‍ കോവിഡ് രോഗികള്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപനം തടയാന്‍ ഞായറാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സ്ഥിതിയാണ്. ശനിയാഴ്ച മഹാരാഷ്ട്രയില്‍ 35,726 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലസ്ഥാനമായ മുംബൈയില്‍ 6123 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ശനിയാഴ്ച ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com