സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലയുള്ള 1400 കാര്‍ട്ടണ്‍ മദ്യം കാണാനില്ല, എലി 'കുടിച്ചുതീര്‍ത്തെന്ന്' പൊലീസ്; പിന്നെ സംഭവിച്ചത് 

ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്
ഫയൽ ചിത്രം
ഫയൽ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി 'കുടിച്ചുതീര്‍ത്തു' എന്നാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ വാദിച്ചത്. എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ആഗ്രയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. 1459 കാര്‍ട്ടണ്‍ മദ്യമാണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്. പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍ അവകാശപ്പെട്ടത്. അനധികൃത മദ്യമാണ് പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചത്.

സംഭവം വിവാദമായതോടെ ആഗ്ര സോണ്‍ എഡിജി രാജീവ് കൃഷ്ണയാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. അലിഗഡിലെ ഐപിഎസ് ഉദ്യോഗസ്ഥനായ വികാസ് സിങ്ങിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം ഗ്യാങ്സ്റ്റര്‍ ബന്തു യാദവിന് നിയമവിരുദ്ധമായി വിറ്റതാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com