പ്രണയം കണ്ടുപിടിച്ചു, തന്ത്രപൂര്‍വ്വം 19കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കൗമാരക്കാരനെ വീട്ടുകാര്‍ അടിച്ചുകൊന്നു, പെണ്‍കുട്ടി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 01:35 PM |
Last Updated: 28th March 2021 01:35 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ കാണാന്‍ പോയ 19കാരനെ അടിച്ചുകൊന്നു. 19കാരനുമായുള്ള പ്രണയം കണ്ടുപിടിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മീററ്റ് ജില്ലയിലാണ് സംഭവം. ബിഎ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അഭിഷേകാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. 19കാരനുമായി പെണ്‍കുട്ടി പ്രണയത്തിലാണ് എന്ന കാര്യം വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. അഭിഷേകുമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍, മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. 19കാരന്‍ 12 തവണ വിളിച്ചതായി കണ്ടെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് കൗമാരക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു.
നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ കൊണ്ട് വിളിപ്പിച്ചാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ വച്ചാണ് 19കാരനെ ആക്രമിച്ചത്. തുടര്‍ന്ന് ചാക്കിലാക്കി മൃതദേഹം കുളത്തില്‍ തള്ളുകയായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ കൊല്ലുമെന്ന് പറഞ്ഞ് അഭിഷേകിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായി അച്ഛന്‍ പൊലീസിന് മൊഴി നല്‍കി.