പ്രസംഗങ്ങളിൽ ജാഗ്രത വേണം ; മിതത്വം പാലിക്കാന്‍ നേതാക്കളോട് സ്റ്റാലിൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 09:39 AM |
Last Updated: 29th March 2021 09:39 AM | A+A A- |
എംകെ സ്റ്റാലിൻ/ ഫെയ്സ്ബുക്ക്
ചെന്നൈ : പ്രസംഗങ്ങളില്‍ മിതത്വം പാലിക്കാന്‍ പാർട്ടി നേതാക്കളോട് ഡിഎംകെ പ്രസിഡന്റിന്റെ നിർദേശം. മുന്‍കേന്ദ്രമന്ത്രി എ രാജയുടെയും നടനും പാർട്ടി നേതാവുമായ ദിണ്ഡിഗൽ ലിയോണിയുടെയും പ്രസംഗങ്ങള്‍ വിവാദമായതോടെയാണ് നേതാക്കൾക്ക് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിന്റെ കര്‍ശന താക്കീത്. സ്വന്തം മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിനിടെയാണ് സ്വന്തം പാർട്ടി നേതാക്കൾക്ക് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജാരസന്തതിയാണെന്ന മുൻ കേന്ദ്രമന്ത്രി എ രാജയുടെ പരാമർശം വൻ വിവാദമായിരുന്നു. പെണ്‍കുട്ടികളെ കുറിച്ചുള്ള ദിണ്ഡിഗല്‍ ലിയോണിയുടെ പരാമർശവും രൂക്ഷമായ എതിർപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസംഗത്തിൽ വാക്കുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണമെന്ന് സ്റ്റാലിന്റെ കർശന നിർദേശം.
പ്രസംഗത്തിലെ ചെറിയ പിഴവുകള്‍പോലും എതിരാളികള്‍ മുതലെടുക്കുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കൊളത്തൂര്‍ മുഖ്യമന്ത്രി മല്‍സരിക്കുന്ന മണ്ഡലമായി മാറിയെന്നു പറഞ്ഞു പ്രവര്‍ത്തകരെ കയ്യിലെടുക്കാനും സ്റ്റാലിന്‍ മറന്നില്ല. മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കാണുന്നതിനായി കിലോമീറ്ററുകള്‍ നീളുന്ന റോഡ് ഷോകളാണ് സ്റ്റാലിന്‍ നടത്തുന്നത്.