ആണ്‍കുട്ടി ലൈംഗികാതിക്രമം നടത്തി; 15കാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 09:27 PM |
Last Updated: 30th March 2021 09:27 PM | A+A A- |

പ്രതീകാത്മക ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആണ്‍കുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഹമീര്‍പുര്‍ ജില്ലയിലാണ് സംഭവം. ലൈംഗികാതിക്രമം നടത്തിയ ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദ്ദിച്ചു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ കുടുംബം തയ്യാറായില്ല. തുടര്‍ച്ചയായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ആണ്‍കുട്ടിയെ താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു.
തുടര്‍ച്ചയായ ശല്യം ചെയ്യലിലും ലൈംഗികാതിക്രമത്തിലും അസ്വസ്ഥയായ പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാന്‍പൂരില്‍ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ മൊഴി എടുത്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഹമീര്‍പൂര്‍ എസ്പി അറിയിച്ചു.