ദ്രാവിഡ രാഷ്ട്രീയം പിടിച്ചെടുത്ത 'ചെങ്കോട്ട'; ചരിത്രത്തില്‍ ആദ്യം; കന്യാകുമാരി ജില്ലയില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ഇടത് പാര്‍ട്ടികള്‍

കേരളത്തിലേതുപോലെ തന്നെ ചെങ്കൊടികള്‍ ഏറെ പാറിയ ഇടമാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കേരളത്തിലേതുപോലെ തന്നെ ചെങ്കൊടികള്‍ ഏറെ പാറിയ ഇടമാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല. സിപിഎമ്മിന് എംപിയും എംഎല്‍എമാരും ഉണ്ടായിരുന്നയിടം. എന്നാല്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കന്യാകുമാരിയില്‍ ഇടത് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ല. 

ഡിഎംകെ-കോണ്‍ഗ്രസ് മുന്നണിക്കൊപ്പം ജനവിധി തേടുന്ന ഇടതു പാര്‍ട്ടികളുടെ അണികള്‍, ജില്ലയില്‍ ഒരു സീറ്റ് പോലും ലഭിക്കാത്തതിന്റെ നിരാശയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇടതു പാര്‍ട്ടികള്‍ക്ക് ജില്ലയില്‍ കാര്യമായ സ്വാധീനമില്ലെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ആറ് സീറ്റുകള്‍ വീതമാണ് ഡിഎംകെ സിപിഐയ്ക്കും സിപിഎമ്മിനും നല്‍കിയിരിക്കുന്നത്. 

കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരിയില്‍ ഒരുകാലത്ത് ഏറ്റവും പ്രബലമായ രാഷ്ട്രീയ സംഘടനകളില്‍ ഒന്നായിരുന്നു സിപിഎം. പതിയെ കന്യാകുമാരി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ചലിച്ചു. മണ്ഡല പുനര്‍നിര്‍ണയങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ സിപിഎമ്മിന് കാലിടറി. 

കന്യാകുമാരിയിലെ വിളവങ്കോട് മണ്ഡലത്തില്‍ 1977,1980,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് ജയിച്ചത്. എന്നാല്‍ 2016ല്‍ ദ്രാവിഡ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിച്ച സിപിഎം തോല്‍വി ഏറ്റുവാങ്ങി. 

പത്മനാഭപുരം മണ്ഡലത്തില്‍ 1980,1984,1999,2001 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മാണ് ജയിച്ചത്. ഇവിടുന്ന് ജയിച്ച ഹേമചന്ദ്രന്‍ തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് വരെയായി. 

തിരുവട്ടൂര്‍, പത്മനാഭപുരം മണ്ഡലങ്ങള്‍ ഒരുമിപ്പിച്ച് ഒറ്റ മണ്ഡലം ആക്കിയതിന് ശേഷം ഇവിടെ ജയിക്കാന്‍ സിപിമ്മിന് കഴിഞ്ഞിട്ടില്ല. 
നാഗര്‍കോവില്‍ ലോക്‌സഭ സീറ്റില്‍ സിപിഎമ്മിന്റെ എ വി ബെല്ലര്‍മിന്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടിത്തിയിരുന്നു. പിന്നീട് കന്യാകുമാരി മണ്ഡലമായി പുനര്‍നിര്‍ണയിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലായി പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com