സാനിറ്റൈസറിന് പകരം ഗംഗാജലം, സ്റ്റേഷനില്‍ വരുന്നവരുടെ നെറ്റിയില്‍ തൊടാന്‍ ചന്ദനം; പൊലീസ് സ്റ്റേഷനിലെ വേറിട്ട കാഴ്ച (വീഡിയോ)

മീററ്റ് ജില്ലയിലെ നൗചണ്ഡി പൊലീസ് സ്റ്റേഷനാണ് അമ്പരിപ്പിക്കുന്നത്
പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഗംഗാജലത്തിന്റെ കുപ്പികള്‍
പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഗംഗാജലത്തിന്റെ കുപ്പികള്‍

ലക്‌നൗ: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ എല്ലാം സാനിറ്റൈസര്‍ പതിവ് കാഴ്ചയാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സാനിറ്റൈസര്‍ കാണാന്‍ സാധിക്കില്ല. പകരം ഗംഗാജലമാണ് സ്റ്റേഷനില്‍ സമീപിക്കുന്നവരെ സ്വാഗതം ചെയ്യുന്നത്.

മീററ്റ് ജില്ലയിലെ നൗചണ്ഡി പൊലീസ് സ്റ്റേഷനാണ് അമ്പരിപ്പിക്കുന്നത്. ഇവിടെ വരുന്നവരുടെ കൈകളിലേക്ക് ഗംഗാജലം സ്‌പ്രേ ചെയ്തുകൊടുക്കുന്നത് ഒരു സിവില്‍ പൊലീസ് ഓഫീസര്‍ ആണ്. കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ ഗംഗാജലം മാത്രമല്ല ഈ സ്റ്റേഷനില്‍ നിന്ന് സൗജന്യമായി തരുന്നത്. സ്റ്റേഷനില്‍ വരുന്നവരുടെ എല്ലാം തന്നെ നെറ്റിയില്‍ ചന്ദനവും തേച്ചുവിടുന്നുണ്ട് ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. 

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയ സബ് ഇന്‍സ്പെക്ടര്‍ പ്രേം ചന്ദ് ശര്‍മ്മയാണ് സ്‌റ്റേഷനില്‍ ഇത് നടപ്പാക്കിയത്. ഗംഗാജലം ഭാരതത്തില്‍ ചരിത്രാതീത കാലം തൊട്ടുതന്നെ ഉപയോഗത്തിലുള്ള പ്രാചീന ഹാന്‍ഡ് സാനിറ്റൈസര്‍ ആണ് എന്നാണ് ശര്‍മ്മ പറയുന്നത്.സ്റ്റേഷനില്‍ വരുന്നവരുടെയും പോവുന്നവരുടെയും കയ്യില്‍ സ്‌പ്രേ ചെയ്യാന്‍ കുപ്പികണക്കിനു ഗംഗാജലമാണ് സബ് ഇന്‍സ്‌പെക്ടര്‍ മേശപ്പുറത്ത് വച്ചിരിക്കുന്നത്.നെറ്റിയില്‍ ചന്ദനം പുരട്ടുന്നതോടെ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും ശര്‍മ്മ പറയുന്നു. ഇതോടൊപ്പം വിശേഷാല്‍ സാനിറ്റൈസിങ് മന്ത്രങ്ങളും ഇന്‍സ്പെക്ടര്‍ ശര്‍മ്മ ഉരുവിടുന്നുണ്ട്. 

പിയുഷ് റായി എന്നൊരാളാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തത്. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയതിനു ശേഷം തന്റെ സ്റ്റേഷന്‍ പരിധിയില്‍ രോഗവ്യാപനത്തിനു ശമനമുണ്ടായതായും ഇന്‍സ്പെക്ടര്‍ പ്രേം ചന്ദ് ശര്‍മ്മ അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com