രണ്ടാംഘട്ട കോവിഡ് വ്യാപനത്തില്‍ സ്ഥിതി മോശമാവാന്‍ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

രണ്ടാംഘട്ട കോവിഡ് വ്യാപന തരംഗം തുടരവേ നടപടികൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാന സർക്കാരുകൾക്ക് ആരോഗ്യമന്ത്രലായത്തിന്റെ മുന്നറിയിപ്പ്. രണ്ടാംഘട്ട കോവിഡ് വ്യാപന തരംഗം തുടരവേ നടപടികൾ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. 

പരിശോധന കർശനമാക്കാനും രോഗവ്യാപന മേഖലകൾ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കാനുമാണ് നിർദേശം. ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. രാജ്യത്തെല്ലായിടത്തും സ്ഥിതി മോശമാവാനുള്ള സാധ്യത തള്ളരുതെന്ന് ആരോഗ്യകാര്യങ്ങളുടെ ചുമതല വഹിക്കുന്ന നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.

രോഗവ്യാപനം തടയാനും ജീവൻ സംരക്ഷിക്കാനും വേണ്ട മുൻകരുതൽ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐസിയുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാൽ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനാവില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗം കൂടി.

രോഗവ്യാപനം കൂടുതലുള്ള 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആർ.ടി.-പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണം. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നിടത്ത് പ്രത്യേകിച്ച് കൂടുതൽ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗവ്യാപനം തീവ്രമായിരിക്കുന്ന മഹാരാഷ്ട്രയിൽ ഇന്നലെ പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 27,918 പേർക്കാണ് രോഗം കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 18,500 പേരിൽ നിന്ന് മൂന്നേകാൽ കോടി രൂപയാണ് അഞ്ചു ദിവസത്തിനിടെ ഡൽഹി സർക്കാർ പിഴയായി പിരിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com