'ഇനിയെങ്കിലും മതിയാക്കു; ആളുകൾ മരിക്കുന്നു, അതിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല'- കേന്ദ്ര സർക്കാരിനോട് കോടതി

'ഇനിയെങ്കിലും മതിയാക്കു; ആളുകൾ മരിക്കുന്നു, അതിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല'- കേന്ദ്ര സർക്കാരിനോട് കോടതി
ഫോട്ടോ/ എഎൻഐ
ഫോട്ടോ/ എഎൻഐ

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്‌സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തു ചെയ്തിട്ടായാലും ഓക്സിജൻ വിഹിതം നൽകണമെന്ന് കോടതി അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഡൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടൺ ഓക്‌സിജൻ ഇന്നു തന്നെ നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചത്. 

വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് ഓക്‌സിജൻ വിഹിതം അനുവദിച്ചത്. അത് ചെയ്ത് കൊടുക്കണം. എട്ട് ജീവനുകൾ നഷ്ടപ്പെട്ടു. ഇതിന് നേരെ കണ്ണടയ്ക്കാൻ ഞങ്ങൾക്കാവില്ല. കോടതി പറഞ്ഞു. ബത്ര ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ എട്ട് രോഗികൾ മരിച്ചുവെന്നറിഞ്ഞപ്പോളായിരുന്നു കോടതിയുടെ പ്രതികരണം. 

ജസ്റ്റിസ് വിപിൻ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ ചൂണ്ടിക്കാണിച്ചുവെങ്കിലും അക്കാര്യമൊന്നും പറയേണ്ടന്നും ഡൽഹിയിൽ ആളുകൾ മരിക്കുമ്പോൾ അതിന് നേരെ കണ്ണടയ്ക്കാൻ ആകില്ലന്നുമായിരുന്നു കോടതിയുടെ മറുപടി. 

ഓക്‌സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബത്ര ആശുപത്രി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പരിഗണിക്കുന്നതിനിടയാണ് ഓക്‌സിജൻ മുടങ്ങി എട്ട് രോഗികൾ മരിച്ച കാര്യം ആശുപത്രി കോടതിയെ അറിയിച്ചത്. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി. എല്ലാം മതിയായി. അനുവദിച്ചതിൽ കൂടുതൽ ആരും ആവശ്യപ്പെടുന്നില്ല. ഇന്ന് ഓക്‌സിജൻ എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിന്റെ വിശദീകരണം തിങ്കളാഴ്ച കേൾക്കാം- കോടതി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com