വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്; 18 തികഞ്ഞവർക്ക് ഇന്നുമുതൽ പ്രതിരോധ കുത്തിവയ്പ്പ്, കേരളത്തിൽ ഇല്ല  

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് ഇന്ന് വാക്സിൻ വിതരണം ആരംഭിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് 18 തികഞ്ഞവർക്കുള്ള വാക്സിൻ വിതരണം ഇന്ന് തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലാണ് ഇന്ന് വാക്സിൻ വിതരണം ആരംഭിക്കുന്നത്. ആവശ്യത്തിന് വാക്സിൻ ഇല്ലാത്തതിനാൽ കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ഇന്ന് വിതരണം തുടങ്ങാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. 

ഡൽഹി, ബീഹാർ, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് 18 മുതൽ 44 വയസ്സ് വരെയുള്ളവർക്കായുള്ള വാക്സിനേഷൻ ഇന്ന് തുടങ്ങാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. ‌‌‌‌ഫോർട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികൾ ഇന്ന് വാക്സിൻ വിതരണം തുടങ്ങും. അതേസമയം മരുന്ന് ലഭിച്ചില്ലെന്നും നാല് ദിവസത്തിനുള്ളിൽ വാക്സിനേഷൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രി മേധാവി പറഞ്ഞത്.

"മൂന്നാം ഘട്ടത്തിൽ വാക്‌സിൻ സർക്കാർ നൽകില്ല, അതികൊണ്ട് ഞങ്ങൾ നിർമ്മാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഭാരത് ബയോട്ടെക്കിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിനും വാക്‌സിൻ ആവശ്യപ്പെട്ട് സന്ദേശമയച്ചു. എന്നാൽ ജൂൺ വരെ മരുന്ന് നൽകാൻ കഴിയില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. വാക്‌സിനേഷൻ സെന്ററുകൾ അടക്കമുള്ള മറ്റു സൗകര്യങ്ങൾ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. മരുന്ന് ലഭിച്ചാലുടൻ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങാനാകും", വുഡ്‌ലാൻഡ്‌സ് ആശുപത്രി മേധാവി ഡോ. രൂപാലി ബസു പറഞ്ഞു.

കേരളത്തിലും 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സിൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേൽ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്സിനേഷൻ തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com