വാക്‌സിന് കൊള്ളപ്പൈസ ഈടാക്കുന്ന നാട്ടില്‍ അഞ്ച് രൂപയ്ക്ക് ചികിത്സ! ഇങ്ങനെയുമുണ്ട് ഒരു ഡോക്ടര്‍

വാക്‌സിന് കൊള്ളപ്പൈസ ഈടാക്കുന്ന നാട്ടില്‍ അഞ്ച് രൂപയ്ക്ക് ചികിത്സ! ഇങ്ങനെയുമുണ്ട് ഒരു ഡോക്ടര്‍
രോ​ഗിയെ പരിശോധിക്കുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജി/ എഎൻഐ
രോ​ഗിയെ പരിശോധിക്കുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജി/ എഎൻഐ

റാഞ്ചി: അഞ്ച് രൂപയ്ക്ക് എന്ത് കിട്ടും. ചിലപ്പോള്‍ ഒരു ചായ കിട്ടുമായിരിക്കും. അല്ലെങ്കില്‍ ചോക്ലേറ്റോ മറ്റെന്തെങ്കിലും. എന്നാല്‍ ചികിത്സിക്കാന്‍ അഞ്ച് രൂപ മതിയോ. മതി എന്നാണ് ഈ ഡോക്ടര്‍ പറയുന്നത്. 

കോവിഡ് പിടിപെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ രാജ്യത്തെ പാവപ്പെട്ടവര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ നിസഹായരായ നില്‍ക്കുന്ന ഈ കാലത്താണ് വെറും അഞ്ച് രൂപ ഫീസ് വാങ്ങി ഒരു ഡോക്ടര്‍ പാവങ്ങളെ ചികിത്സിക്കുന്നത്. ഇനി അഞ്ച് രൂപ പോലും കൈയില്‍ ഇല്ലെങ്കിലും കുഴപ്പമില്ല. ഡോക്ടര്‍ ഒരു പരിഭവവും പരാതിയുമില്ലാതെ സൗജന്യമായി തന്നെ ചികിത്സിക്കും. 

85കാരനായ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയാണ് പാവപ്പെട്ടവരെ പ്രതിഫലം നോക്കാതെ ചികിത്സിക്കുന്ന ആ ഡോക്ടര്‍. റാഞ്ചിയിലാണ് അദ്ദേഹം തന്റെ ക്ലിനിക്ക് നടത്തുന്നത്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് ശ്യാമ പ്രസാദ് മുഖര്‍ജി. 

നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ ആദ്യം വേണ്ടത് അനുകമ്പയും സഹാനുഭൂതിയുമാണ്. അതാണ് ഈ തൊഴിലിന്റെ മുഖമുദ്ര. കഴിഞ്ഞ 55 വര്‍ഷമായി പാവപ്പെട്ടവരെ പ്രതിഫലേച്ഛ കൂടാതെ ചികിത്സിക്കുന്ന അദ്ദേഹം പറയുന്നു. 

റാഞ്ചിയിലെ ലാല്‍പൂരിലാണ് അദ്ദേഹത്തിന്റെ ക്ലിനിക്ക്. ചെറിയ മുറിയായതിനാല്‍ തന്നെ കോവിഡ് കാലത്ത് അത് ശുചീകരിക്കുന്നതടക്കമുള്ള ചെലവുകള്‍ ഉണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രായാധിക്യവും അലട്ടുന്ന അദ്ദേഹം വ്യക്തമാക്കി. 

തന്റെ ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഒരു ദിവസം 250 രൂപയെങ്കിലും വേണം. അതിനാല്‍ ഇപ്പോള്‍ ഫീസ് 50 രൂപയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സ സൗജന്യം തന്നെയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം 20 രോഗികളെയാണ് ഡോക്ടര്‍ പരിശോധിക്കുന്നത്. പണത്തിനേക്കാള്‍ തനിക്ക് സംതൃപ്തി തരുന്നത് രോഗികള്‍ക്ക് അസുഖം ഭേദമാകുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരി കാണുന്നതാണെന്ന് ഡോക്ടര്‍ പറയുന്നു. 

കാലം ഒരുപാട് മാറിയെന്നും മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥയിലാണ് സമൂഹം എത്തിനില്‍ക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു. സ്വാര്‍ത്ഥതയാണ് ഇപ്പോള്‍ ലോകത്തിന്റെ മുഖമുദ്ര. പക്ഷേ നിങ്ങള്‍ക്ക് സ്വയം സമൂഹത്തിന് എന്ത് നല്‍കാന്‍ കഴിയും എന്നതാണ് ചോദ്യം. ചെയ്യാന്‍ സാധ്യമയാതെല്ലാം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ സംതൃപ്തി- ഡോക്ടര്‍ വ്യക്തമാക്കി.

1957ലാണ് മുഖര്‍ജി ഡോക്ടറായി ജോലി ആരംഭിച്ചത്. പാത്തോളജി വിഭാഗം തലവനായി അദ്ദേഹം രാജേന്ദ്ര മെഡിക്കല്‍ കോളജില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 3,500ല്‍ അധികം വിദ്യാര്‍ത്ഥികളേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. 

കോന്‍ ബനേഗ ക്രോര്‍പതിയില്‍ മുഖര്‍ജിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ സിനിമാ ഇതിഹാസമായ അമിതാഭ് ബച്ചന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ഒരു ദിവസം ഒരു രോഗിയെ എങ്കിലും ഫീസ് വാങ്ങാതെ സൗജന്യമായി ചികിത്സിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com