നന്ദി​ഗ്രാമിലെ അപ്രതീക്ഷിത തോൽവി; മമത ബാനർജി സുപ്രീം കോടതിയിലേക്ക്

നന്ദി​ഗ്രാമിലെ അപ്രതീക്ഷിത തോൽവി; മമത ബാനർജി സുപ്രീം കോടതിയിലേക്ക്
മമത ബാനർജി/ ട്വിറ്റർ
മമത ബാനർജി/ ട്വിറ്റർ

കൊൽക്കത്ത: ചരിത്ര മുന്നേറ്റമാണ് പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് സ്വന്തമാക്കിയത്. ഭരണം പിടിക്കാൻ സർവ സന്നാഹവുമായെത്തിയ ബിജെപിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂൽ ഹാട്രിക് ജയം ആഘോഷിച്ചത്. 

എന്നാൽ, ഈ ചരിത്രജയത്തിനിടയിലും പാർട്ടിക്ക് തിരിച്ചടിയായി നന്ദിഗ്രാമിലെ മമത ബാനർജിയുടെ തോൽവി. വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫല പ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത.

പാർട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമിൽ മമതയുടെ അപ്രതീക്ഷിത തോൽവി. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ മാറിമറിയുകയായിരുന്നു ഇവിടുത്തെ ഫലം. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ്‌ നില മാറിക്കൊണ്ടിരുന്നു. ഒടുവിൽ സുവേന്ദു 1,736 വോട്ടിന് വിജയിച്ചുവെന്ന പ്രഖ്യാപനം വന്ന ഉടനെ ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും വോട്ടെണ്ണൽ അവസാനിച്ചിട്ടില്ലെന്നും പറഞ്ഞ് തൃണമൂൽ നേതൃത്വം രംഗത്തു വന്നു.

നന്ദിഗ്രാമിലെ ജനങ്ങൾ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാൻ അത് സ്വീകരിക്കും എന്നാണ് പിന്നീട് മമത പ്രതികരിച്ചത്. എന്നാൽ, വോട്ടെണ്ണലിൽ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീർച്ചയായും കോടതിയെ സമീപിക്കും- മമത വ്യക്തമാക്കി.  

നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ബംഗാളിൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് 1956 വോട്ടിനാണ് മമത ബാനർജി തോറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com