'നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം, പക്ഷെ...'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജനും അടിയന്തരമായി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും ആവശ്യപ്പെട്ടു. 'നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്' ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. 

490 മെട്രിക് ടണ്ണല്ല 700 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ടുകൂടിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഏപ്രില്‍ 30നായിരുന്നു സുപ്രീം കോടതി ഡല്‍ഹിയിലെ 
മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം മേയ് മൂന്ന് അര്‍ധരാത്രിക്ക് മുന്‍പ് പരിഹരിക്കണമെന്ന് ഉത്തരവിട്ടത്. 

ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. വെള്ളം തലയ്ക്കു മീതേ എത്തിക്കഴിഞ്ഞു. നിങ്ങള്‍ എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ. എട്ടു ജീവനുകള്‍ നഷ്ടപ്പെട്ടു. അതിനോട് ഞങ്ങള്‍ക്ക് കണ്ണടയ്ക്കാനാവില്ല കോടതി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com