ഒരാളെയും തിരിച്ചയയ്ക്കരുത്, ആശുപത്രി പ്രവേശനത്തിന് പോസിറ്റിവ് ആവണമെന്നില്ല; മാനദണ്ഡം പുതുക്കി കേന്ദ്രം

കോവിഡ് ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിലുള്ള മാനദണ്ഡം പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിലുള്ള മാനദണ്ഡം പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പോസിറ്റീവ് റിസര്‍ട്ട് ഇല്ലാത്തവരെയും ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോസിറ്റീവ് റസള്‍ട്ട് ഇല്ലാതെ നിരവധിപേര്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. 

രോഗമുള്ളതായി സംശയിക്കുന്നെങ്കില്‍ കോവിഡ് കെയര്‍ സെന്ററുകള്‍, ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകള്‍ (ഡിസിഎച്ച്‌സി) എന്നിവിടങ്ങളില്‍ പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവേശിക്കാവുന്നതാണ്. ഒരുതരത്തിലും ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നും ഓക്‌സിജനും മറ്റു മരുന്നുകളും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളില്ലാത്തവരെ ചികിത്സിക്കാതെ മടക്കി അയക്കാന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്  4,01,078 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,18,609 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,18,92,676 പേര്‍ക്ക്. ഇതില്‍ 1,79,30,960 പേര്‍ രോഗമുക്തരായി. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com