ത്വക്ക് രോ​ഗത്തിന്റെ പേരിൽ പരിഹാസം, 14 കാരൻ അച്ഛനേയും അമ്മയേയും കൊന്ന് ശുചിമുറിയിൽ തള്ളി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2021 08:46 AM  |  

Last Updated: 09th May 2021 09:00 AM  |   A+A-   |  

son killed parents

പ്രതീകാത്മക ചിത്രം


ബെം​ഗളൂരു; അച്ഛനും അമ്മയേയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകൻ പിടിയിൽ. ബെം​ഗളൂരു പിനീയയിൽ വ്യാഴാഴ്ചയാണ് ഹനുമന്തരായ്യ(41), ഭാര്യ ഹൊന്നമ്മ(34) എന്നിവരെ തലയ്ക്കടിയേറ്റ നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. 

ഇവരുടെ 14കാരനായ ഇളയ മകനാണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന അച്ഛനെ മൂർച്ചയേറിയ കല്ലുകൊണ്ട് തലക്കടിച്ചുകൊല്ലുകയായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. അടുത്ത് കിടന്നിരുന്ന അമ്മയേയും കൊലപ്പെടുത്തി. തനിക്കും പതിനഞ്ച് വയസ്സുള്ള ചേട്ടനും ത്വക്ക് രോഗം ഉണ്ടായിരുന്നു അത് പൊള്ളിയതു പോലെ കാലിൽ എടുത്ത് കാണിച്ചിരുന്നു. ഇതിൽ അച്ഛൻ മിക്കപ്പോഴും പരിഹസിക്കുമായിരുന്നു. ഇതിന്റെ ദേഷ്യത്തിനാണ് കൊലപാതകം നടത്തിയതെന്ന് കുട്ടി പറഞ്ഞു.

പീനിയക്ക് സമീപം കരിയോബന്നഹള്ളി ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനാണ് ഹനുമന്തരായ്യ. ഭാര്യ ഹൊന്നമ്മ ശുചീകരണ തൊഴിലാളിയാണ്. 14, 15 വയസുള്ള രണ്ട് ആൺമക്കളും വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയുമാണ് ദമ്പതികൾക്കുള്ളത്. ഓഫിസിന് സമീപത്തെ താൽക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ഓഫിസിൽ കിടന്നുറങ്ങി രാവിലെ ഭക്ഷണം പാകം ചെയ്യാനാണ് താമസസ്ഥലത്തെത്തുക. എന്നാൽ വ്യാഴാഴ്ച ഭക്ഷണം പാകം ചെയ്യാൻ എത്താത്തതിനെ തുടർന്ന് മൂത്ത മകൻ ഇവരെ അന്വേഷിക്കുകയും കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് ഓഫിസിലെ ശുചിമുറിയിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നു.