ഓക്‌സിജന്‍ നല്‍കാന്‍ വൈകി, 65കാരി കോവിഡ് ബാധിച്ച് മരിച്ചു; ഡോക്ടര്‍മാരെ മര്‍ദ്ദിച്ച് ബന്ധുക്കള്‍, കാറുകള്‍ തല്ലിത്തകര്‍ത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th May 2021 04:53 PM |
Last Updated: 09th May 2021 04:53 PM | A+A A- |

ഫയല്‍ ചിത്രം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. 65കാരിയുടെ മരണം ചികിത്സ വൈകിയത് കൊണ്ടാണ് എന്ന് ആരോപിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
ഫെഫാന ഗ്രാമത്തിലാണ് സംഭവം. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 65 കാരിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉടന്‍ തന്നെ ജീവന്‍ നഷ്ടമായതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജേന്ദ്ര പ്രസാദ് പറയുന്നു. എന്നാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് അര മണിക്കൂര്‍ കാത്തുനിന്നതായും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് 65കാരിക്ക് ഓക്‌സിജന്‍ സഹായം നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നതായി പൊലീസ് പറയുന്നു.
രോഗി മരിച്ചതിന് പിന്നാലെ കുപിതരായ ബന്ധുക്കള്‍ ചികിത്സ വൈകിയതാണ് മരണകാരണമെന്ന് ആരോപിച്ച് ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും ഡോക്ടര്‍മാരുടെ സ്വകാര്യ വാഹനങ്ങള്‍ തകര്‍ത്തതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു.
ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് 65കാരിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഇതില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ല എന്ന് ബന്ധുക്കള്‍ വാശിപിടിച്ചതായും പൊലീസ് പറയുന്നു. നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ബന്ധുക്കളെ ശാന്തരാക്കിയതെന്ന് പൊലീസ് പറയുന്നു.