വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്; ആപ്പ് പുറത്തിറക്കി സിബിഎസ്ഇ

സിബിഎസ്ഇ സ്‌കൂളുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെഷനുകള്‍ ലഭ്യമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് വികസിപ്പിച്ച പുതിയ ആപ്ലിക്കേഷനിലൂടെ ഇനി സൈക്കോളജിക്കല്‍ കൗണ്‍സലിങ് സെഷനുകള്‍ ലഭ്യമാകും. മെയ് പത്ത് മുതലാണ് ആപ്പിലൂടെ ക്ലാസുകള്‍ തുടങ്ങുക.

കഴിഞ്ഞവര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി ടോള്‍ ഫ്രീ നമ്പറിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി 'CBSE Dost For Life' എന്ന ആപ്പ് പുറത്തിറക്കുകയായിരുന്നു. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാകും.

83 വളണ്ടിയര്‍ കൗണ്‍സിലര്‍മാരും വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കുക. ആപ്പിലെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഇതില്‍ ക്ലാസുണ്ടാവുക. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ, അല്ലെങ്കില്‍ 1.30 മുതല്‍ 5.30 എന്നീ സമയപരിധിയില്‍ വരുന്ന അനുയോജ്യമായ സമയം കുട്ടുകള്‍ക്കും രക്ഷിതാക്കള്‍ക്കും തെരഞ്ഞെടുക്കാം.

ഇത് കൂടാതെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം തെരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍, മാനസികാരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള വിവരങ്ങള്‍, കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ തുടങ്ങിയവയും ആപ്ലിക്കേഷനിലുണ്ടെന്ന് സിബിഎസ്ഇ വക്താവ് പറഞ്ഞു.

സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉന്നമനത്തിന്റെ ആവശ്യകത പ്രതിപാദിക്കുന്ന 'മാനസികാരോഗ്യവും ക്ഷേമവും' എന്ന മാനുവലും ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാരായ അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, പ്രത്യേക അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവര്‍ക്ക് ഈ വിഷയത്തിലുള്ള ചുമതലകള്‍ ഇതില്‍ വ്യക്തമാക്കുന്നു. കൂടാതെ പകര്‍ച്ചവ്യാധി കാലത്ത് സ്‌കൂളുകളും കുടുംബങ്ങളും കുട്ടികള്‍ക്ക് മാനസിക-സാമൂഹിക പിന്തുണ എങ്ങനെ നല്‍കാമെന്നതിനെക്കുറിച്ചുള്ള അധ്യായവും ഇതില്‍ ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com