12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2021 01:35 PM  |  

Last Updated: 10th May 2021 02:17 PM  |   A+A-   |  

covid vaccination

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിടെ, വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
അതിനിടെ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രമുഖ മരുന്ന നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു.

12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു. 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി എന്ന തരത്തിലുള്ള ട്വീറ്റ് വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും പുറമേ റഷ്യയുടെ സ്പുട്‌നിക്കിനുമാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയത്.