ബിജെപി എംഎല്‍എയുടെ 25കാരനായ മകന് കോവിഡ് വാക്‌സിന്‍; വിവാദം

മെയ് അഞ്ചിന് എംഎല്‍എയും ഭാര്യയും മകനും മെഡിക്കല്‍ സൂപ്രണ്ടിന്റെ വസതിയില്‍ എത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എയുടെ 25കാരനായ മകന് കോവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ വിവാദം ശക്തം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പതിനെട്ടുമുതല്‍ 44വയസുവരെയുള്ളവര്‍ വാക്‌സിന്‍ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ്  എംഎല്‍എയുടെ മകന് വാക്‌സിന്‍ നല്‍കിയതെന്നാണ് ആരോപണം.

മെയ് അഞ്ചിനാണ് ഖാന്‍പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രണവ് സിങിന്റെ മകന്‍ ദിവ്യപ്രതാപ് സിങിന് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇയാള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

മെയ് അഞ്ചിന് ഉത്തരാഖണ്ഡ് എംഎല്‍എയും ഭാര്യയും മകനും മെഡിക്കല്‍ സൂപ്രണ്ടിന്റെ വസതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് വാക്‌സിന്‍ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സംസ്ഥാനത്ത് ആരംഭിക്കാതെ എംഎല്‍എയുടെ മകന് വാക്‌സിന്‍ നല്‍കിയതിനെതിരെ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മുന്‍നിര പോരാളി എന്ന നിലയിലാണ് മകന് വാക്‌സിന്‍ നല്‍കിയതെന്നാണ് എംഎല്‍എയുടെ വാദം. മന്ത്രിയായാലും എംഎല്‍എ ആയാലും 
കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ബിജെപി നേതാവ് മാന്‍വീര്‍ സിങ് പറഞ്ഞു. നേരത്തെയും നിരവധി ആരോപണങ്ങള്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com