'കോവിഡ് വാക്സിൻ നയത്തിൽ ഇടപെടുത്', സുപ്രീംകോടതിയോട് കേന്ദ്രം

വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നും സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി; രാജ്യത്തെ കോവിഡ് വാക്സിൻ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട്. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണ്. വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്നും സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാക്സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്സിന്‍ നയം രൂപീകരിച്ചത്. പക്ഷപാതരഹിതമായി വാക്സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം. 

ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പണം വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ല എന്നുറപ്പ് വരുത്തിയതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക റിസ്‌ക് നിര്‍മ്മാതാക്കള്‍ എടുത്തിട്ടുണ്ട് . നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ഇടപെടുന്നതായുള്ള സ്റ്റാറ്റിറ്യുട്ടറി വ്യവസ്ഥകള്‍ അവസാന മാര്‍ഗ്ഗമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളു. വിദേശ വാക്സിനുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് രാജ്യത്തെ വാക്സിന്‍ വിലയും ഘടകമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, വാക്സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com