കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് ഇനിയും നീളും; തെരഞ്ഞെടുപ്പു മാറ്റി 

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നീട്ടിവച്ചു
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നീട്ടിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ്, പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്തുന്നതിന് ജൂണ്‍ 23ന് തെരഞ്ഞെടുപ്പു നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റില്ല. നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സോണിയ ഗാന്ധി താത്കാലികമായി ചുതമല വഹിച്ചുവരികയാണ്. സ്ഥിരം പ്രസിഡന്റ് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ മുറവിളിക്കിടെയാണ് ജൂണ്‍ 23ന് തെരഞ്ഞെടുപ്പു നടക്കാന്‍ നീക്കമുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു. 

ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ പറഞ്ഞു.

കേരളത്തിലും അസമിലും സര്‍ക്കാരുകളെ തോല്‍പ്പിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്തത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അസൗകര്യകരമായ കാര്യങ്ങളാവും ഈ പരിശോധനയില്‍ ഉരുത്തിരിഞ്ഞുവരിക. എന്നാല്‍ യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ല. സോണിയ പറഞ്ഞു.

അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമായി. പുതുച്ചേരിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേരളത്തില്‍, അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണത്തില്‍ തിരിച്ചെത്തുകയെന്ന പതിവ് ആവര്‍ത്തിക്കാനായില്ല. ബംഗാളില്‍ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com