ലക്ഷങ്ങളുടെ വ്യാജ റെംഡിസിവിര്‍ വില്‍പ്പന: വിഎച്ച്പി നേതാവിനെതിരെ കേസ്‌, ഈടാക്കിയത് 40,000 രൂപ; അന്വേഷണം 

മധ്യപ്രദേശില്‍ ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നടത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ വില്‍പ്പന നടത്തിയ കേസില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവിനും കൂട്ടാളികള്‍ക്കുമെതിരെ കേസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉറ്റവരെ രക്ഷിക്കുന്നതിന് ആന്റി വൈറല്‍ മരുന്നായ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ എന്ന് വിശ്വസിച്ച് വലിയ വില കൊടുത്ത് ബന്ധുക്കള്‍ വാങ്ങിക്കൂട്ടുകയായിരുന്നുവെന്നാണ് കേസ്.

വിശ്വഹിന്ദു പരിഷത്ത് ജബല്‍പൂര്‍  പ്രസിഡന്റ് സരബ്ജിത് സിംഗ് മോക്ക, ദേവേന്ദ്ര ചൗരാസിയ അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ദുരന്ത നിവാരണ നിയമം അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. സിറ്റി ആശുപത്രിയുടെ ഉടമസ്ഥന്‍ കൂടിയ സരബ്ജിത് സിംഗ് മോക്ക മധ്യപ്രദേശില്‍ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മകനുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരണയനുസരിച്ച് 500 വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ ലഭിക്കുകയും സ്വന്തം ആശുപത്രിയിലെ രോഗികള്‍ക്ക് 40,000 രൂപ വരെ അമിത വില ഈടാക്കി വില്‍പ്പന നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്.

അടുത്തിടെയാണ് ഉപ്പും, ഗ്ലൂക്കോസും ചേര്‍ത്ത് ഒരു ലക്ഷം വ്യാജ റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ നിര്‍മ്മിച്ച് മരുന്ന് റാക്കറ്റുകള്‍ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്‍ഡോറില്‍ മാത്രം ഇത്തരത്തില്‍ 3000 ഇഞ്ചക്ഷനുകളാണ് വില്‍പ്പനയ്ക്ക് എത്തിയത്. 'ആരെല്ലാമാണ് മരുന്ന് കുത്തിവെച്ചതെന്ന് കണ്ടെത്തണം. സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും'- കോണ്‍ഗ്രസ് രാജ്യസഭ എംപി വിവേക് തന്‍ഹാ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com