തിരിച്ചടി ഗുരുതരം; പരിശോധിക്കാന്‍ സമിതി; ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സോണിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2021 01:09 PM  |  

Last Updated: 10th May 2021 01:09 PM  |   A+A-   |  

sonia gandhi

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ പറഞ്ഞു.

കേരളത്തിലും അസമിലും സര്‍ക്കാരുകളെ തോല്‍പ്പിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ  ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്തത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അസൗകര്യകരമായ കാര്യങ്ങളാവും ഈ പരിശോധനയില്‍ ഉരുത്തിരിഞ്ഞുവരിക. എന്നാല്‍ യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ല.- സോണിയ പറഞ്ഞു.

അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമായി. പുതുച്ചേരിയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കേരളത്തില്‍, അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണത്തില്‍ തിരിച്ചെത്തുകയെന്ന പതിവ് ആവര്‍ത്തിക്കാനായില്ല. ബംഗാളില്‍ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.