വീട്ടിലെത്തി വാക്സിൻ നൽകാത്തതെന്ത്? ഒരുപാട് പേരെ രക്ഷിക്കാമായിരുന്നു: ബോംബെ ഹൈക്കോടതി 

അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി. വാക്സിൻ കേന്ദ്രത്തിലെത്താൻ കഴിയാത്ത മുതിർന്നവർക്ക് വീട്ടിലെത്തി വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറായിരുന്നെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് കോടതി വിലയിരുത്തി. എന്തുകൊണ്ടാണ് അവർക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാത്തതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. 

ചീഫ് ജസ്റ്റിസ് ദിപൻകർ ദത്തയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാൽ തിവാരി എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജി പരിഗണിച്ചത്. 75 മുകളിൽ പ്രായമുളളവരോ, ഭിന്നശേഷിക്കാരോ, കിടപ്പുരോഗികളോ, വീൽചെയറിയിൽ കഴിയുന്നവരോ ആയ മുതിർന്നവർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വീടുകളിലെത്തി വാക്സിൽ നൽകണ്ടെന്ന കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കോടതി വീണ്ടും ആവർത്തിച്ചു.  മെയ് 19നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 

"പല വിദേശരാജ്യങ്ങളും മുതിർന്ന പൗരന്മാർക്ക് വീട്ടിൽ വാക്സിൻ നൽകുന്നുണ്ട്. ഇന്ത്യയിൽ പല കാര്യങ്ങളിലും വൈകിയാണ് തീരുമാനമെടുക്കുന്നത്. പലകാര്യങ്ങളും സാവധാനത്തിലാണ് മുന്നോട്ടുപോകുന്നത്. ജനക്കൂട്ടത്തിനിടയിൽ ഇങ്ങനെ കാത്തിരിക്കേണ്ടി വരുമ്പോൾ കോവിഡ് ബാധിതരാകാനുളള സാധ്യത കൂടുതലാണ്", കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com